Sunday, August 8, 2021

സംസ്ഥാന സമ്മേളനം

 കഴിഞ്ഞ കാലയളവിലെ ഔദ്യോഗിക ജീവിത കാലഘട്ടത്തിൽ കേരളാ വാട്ടർ അതോറിറ്റിയിൽ കണ്ടതിലേറെയും വിവേചനപരമായ വിചിത്ര നിയമ വിരുദ്ധ നിലപാടുകളാണ്. ഒരു വിഭാഗത്തിൻറ്റെ മാത്രം താൽപര്യങ്ങളും സ്വജനപക്ഷപാതപരമായ തീരുമാനങ്ങളും അടിച്ചേൽപ്പിക്കപ്പെടുകയാണ്. ഓരോ അവകാശങ്ങൾക്കു വേണ്ടിയും പോരാടേണ്ടി വരുന്നു. ഇത് ആശാസ്യകരമല്ല. ജീവനക്കാരുടെ സംതൃപ്തി സ്ഥാപന ശാക്തീകരണത്തിന് അനിവാര്യമാണെന്ന സാമാന്യ ബോധം പോലും വിസ്മരിക്കപ്പെടുന്നു. ‘വെടക്കാക്കി തനിക്കാക്കുക’ എന്ന ചിലരുടെ ലക്ഷ്യം സഫലീകരിക്കുന്നു.

സർവീസിൻറ്റെ ആദ്യ കാലങ്ങളിൽ നിയമാനുസൃദമായ കാര്യങ്ങൾ യഥാസമയം നടക്കുമെന്ന പ്രതീക്ഷയാണുണ്ടായിരുന്നത്. മുൻഗാമികളിൽ പലരുടേയും അനുഭവങ്ങൾ നേരിട്ടുകാണാൻ ഇടയായി. വർക്ക്സൂപ്രണ്ട്, ഡ്രാഫ്റ്റ്സ്മാൻ എന്നീ തസ്തികകളിലുള്ളവർ ദീർഘകാല സേവനത്തിനുശേഷം അതേ തസ്തികയിൽ, ചിലപ്പോൾ അവസാന നാളിൽ ഒരു പ്രമോഷൻ നേടി വിരമിക്കുന്നു. ശമ്പള പരിഷ്ക്കരണങ്ങളിൽ അർഹമായ ഗ്രേഡ് സ്കെയിലുകൾ പോലും ഇത്തരത്തിലുള്ളവർക്ക് അനുവദിക്കപ്പെടുന്നില്ല. ഇത്തരത്തിലുള്ള വിഷയങ്ങൾ പഠന വിധേയമാക്കുവാൻ തീരുമാനിച്ചു. നിയമങ്ങളനുസരിച്ചുള്ള അവകാശങ്ങൾ നിഷേധിക്കുന്നതാണെന്ന്ബോധ്യപ്പെട്ടു. പ്രശ്നങ്ങൾ ട്രേഡ് യൂണിയനുകൾ മുമ്പാകെ ഉന്നയിച്ചു. ഫലമില്ലെന്ന്കണ്ടപ്പോൾ സമാന  സ്വഭാവക്കാരെ സംഘടിപ്പിച്ചു പോരാടുവാൻ തീരുമാനിച്ചു.

അങ്ങിനെ സങ്കുചിത രാഷ്ട്രീയ സ്വഭാവമില്ലാത്ത ഒരു അസോസിയേഷൻ ട്രേഡ് യൂണിയൻ ആക്ട്പ്രകാരം രൂപപ്പെടുകയായിരുന്നു. 1997 ഏപ്രിൽ 23 ന് അവകാശ നിഷേധങ്ങൾക്കെതിരെ ജലഭവനു മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി, സമര പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രചാരണത്തിൻറ്റെ ഭാഗമായി ഓഫീസുകൾ കേന്ദ്രീകരിച്ചു ജീപ്പ്ജാഥകൾ നടത്തി. ജലഭവനു മുമ്പിൽ നടത്തപ്പെട്ട പ്രതിഷേധ പ്രകടനവും ധർണ്ണയും ജീവനക്കാരുടെ പ്രാതിനിധ്യം കൊണ്ട് വൻ വിജയമായിരുന്നു.

പ്രഥമ സംസ്ഥാന സമ്മേളനം 1998 മെയ്  23 ന്  എറണാകുളത്ത്മഹാകവി ജി ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. അന്നത്തെ കൊച്ചി മേയർ സോമസുന്ദര പണിക്കരാണ്സമ്മേളനം ഉദ്ഘാടനം ചെയ്തത്.

1998 ൽ അസോസിയേഷൻ പ്രസിഡണ്ട്പ്രശ്നങ്ങൾ നിയമസഭയിൽ ഉന്നയിച്ചതിനെ തുടർന്ന് ഓവർസിയർ തസ്തികയിൽ നിന്നും പ്രമോഷന് തുടക്കം കുറിച്ചു. സീനിയോറിറ്റി ലിസ്റ്റ്തല്ലിക്കൂട്ടിയുണ്ടാക്കി 120 ഓളം പേർക്ക് ഒറ്റയടിക്ക് ആദ്യ പ്രമോഷൻ നൽകുകയായിരുന്നു. നിയമപരമായി രണ്ടു വർഷം കൊണ്ട് ലഭിക്കേണ്ട പ്രമോഷൻ പലർക്കും ലഭിച്ചത് 13 വർഷങ്ങൾക്ക്ശേഷമായിരുന്നു. ശമ്പള പരിഷ്കരണ ഉത്തരവുകളിൽ റീത്ത് ചാർത്തി പ്രതിഷേധിക്കുന്ന സമരമുൾപ്പെടെയുള്ള സമരങ്ങൾ നടത്തി. യാതൊരു യോഗ്യതയുമില്ലാത്തവരെ ഓവർസിയർ തസ്തികയിലേക്ക് നിയമിക്കുന്നത് അവസാനിപ്പിച്ചു. പിൻ വാതിൽ നിയമന ശ്രമം പരാജയപ്പെടുത്തി. എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിൽ നിഷേധിക്കപ്പെട്ടിരുന്ന ഡിപ്ലോമ പ്രമോഷൻ നടത്തിപ്പിച്ചു. മുൻകാല പ്രാബല്യം നൽകിയുള്ള സീനിയോറിറ്റി ലിസ്റ്റുകൾ പ്രസിദ്ധീകരിപ്പിച്ചു. എന്നാൽ ഈയിടെ അത് അട്ടിമറിച്ചു. സമാന്തരമായി നിയമ പോരാട്ടങ്ങളും നടത്തി. ഇതിൻറ്റെ യൊക്കെ ഫലമായി ഇപ്പോൾ അഞ്ചു വർഷ സർവീസിനുള്ളിൽ പ്രമോഷൻ കൊടുക്കുവാൻ നിർബന്ധിതമായിരിക്കുകയാണ്.

പൊതുവായ കാര്യങ്ങൾക്കായി മറ്റു ട്രേഡ് യൂണിയനുകളോടൊപ്പം സംയുക്തമായി ജല മേഖല സംരക്ഷണ കൺവെൻഷനുൾപ്പെടെയുള്ള നിരവധി സമരങ്ങൾ നടത്തുകയുണ്ടായി.

റഫറണ്ടത്തിലൂടെ പൊതുവായ പല അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ഇന്ന് മാള സബ് ഡിവിഷനു കീഴിലുള്ള ആറു പഞ്ചായത്തുകളിലുൾപ്പെടെ കോഴിക്കോട് മലപ്പുറം ഉൾപ്പെടെയുള്ള ജില്ലകളിലെ ചില പ്രദേശങ്ങളിലെ കുടി വെള്ള വിതരണ ചുമതല കേരളാ വാട്ടർ അതോറിറ്റിയിൽ നിക്ഷിപ്തമല്ല. ലഭിച്ചു കൊണ്ടിരുന്ന പേഴ്സണൽ അലവൻസ്, അര മാസത്തെ മെഡിക്കൽ അലവൻസ് എന്നിവയുൾപ്പടെ പലതും നിഷേധിക്കപ്പെട്ടിരിക്കുകയാണ്. പിൻ വാതിൽ നിയമന ശ്രമത്തിനെതിരെ പോലും പ്രതികരിക്കാതെ മാനേജ്മെൻറ് പ്രതിനിധികളായി മാറുന്നു.

സ്പെഷ്യൽ റൂൾസും ശാസ്ത്രീയമായ സേവന വേതന വ്യവസ്ഥകളും സ്ഥാപനത്തെ ശാക്തീകരിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്ന ഘടകങ്ങളാണ്. എന്നാൽ സ്പെഷ്യൽ റൂൾസ് നിഷ്കർശിക്കുന്ന നിയമന അനുപാതം കാലങ്ങളായി എഞ്ചിനീയറിംഗ് ഭാഗം ജീവനക്കാർക്ക്നി ഷേധിക്കുകയാണ്. ബ്യുറോക്രാറ്റിക് ഷണ്ഡത്വത്തിൻറ്റെയും റൗഡിസത്തിൻറ്റെയും ഇരകളായ എഞ്ചിനീയറിംഗ് വിഭാഗം ജീവനക്കാരുടെ അവകാശങ്ങൾ കവർച്ചചെയ്ത്, ഗതിവിഗതികൾ നിയന്ത്രിക്കാൻ പ്രാപ്തമായവർ തടിച്ചുകൊഴുക്കുകയാണ്. ബ്രിട്ടീഷുകാർ പ്രയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കൽ തന്ത്രം പ്രയോഗിക്കപ്പെടുന്നു. അവകാശങ്ങളെ ഔദാര്യമായികാണാൻ തയ്യാറായിരുന്നില്ല.

സമൂഹത്തിൻറ്റെ പരിച്ഛേദമെടുത്താൽ കാണുന്ന സകല നല്ലതും ചീത്തയുമായ പ്രവർത്തനങ്ങൾ ഇവിടെയും നടക്കുന്നു. ജന്മികുടിയാൻ വ്യവസ്ഥ ആഗ്രഹിക്കുന്നവരും കവർച്ചക്കാരും ആശ്രിതരും ഇക്കൂട്ടത്തിലുണ്ട്.

ഔദ്യോഗിക ജീവിതത്തിൽ ഓരോരുത്തതും ഒരു വൃത്തത്തിനുള്ളിൽ നിന്നുകൊണ്ട്പ്രവർത്തിക്കുവാൻ ബാധ്യസ്ഥരാണ്. കേരളാ വാട്ടർ അതോറിറ്റിയിൽ ലാസ്റ്റ്ഗ്രേഡ്ജീവനക്കാർ മുതൽ മാനേജിങ്ഡയറക്ടർ വരെയുള്ളവർക്ക് ഇത്ബാധകമാണ്. തസ്തികയുടെ വലിപ്പ ചെറുപ്പം അനുസരിച്ചു വ്യാസത്തിന് മാറ്റമുണ്ടാകുമെന്ന്മാത്രം. നിയമനങ്ങളുടെ കാര്യങ്ങളിലുൾപ്പെടെ പലപ്പോഴും അധികാര പരിധി ലംഘിക്കുന്നത് ഉന്നതങ്ങളിൽ നിന്നുമാണെന്ന്കാണാം. വൃത്തത്തിനുള്ളിൽ നിന്നുള്ള സ്വാതന്ത്യം എല്ലാവരേയും സമന്മാരാക്കുന്നു എന്ന സാമാന്യ ബോധം വിസ്മരിക്കപ്പെടുന്നു.

കേരളാ വാട്ടർ അതോറിറ്റി പൊതുമേഖലയിൽ നിലനിൽക്കേണ്ട ഒരു പൊതുസ്വത്താണ്. നയപരമായകാര്യങ്ങളിലും ഭരണപരമായകാര്യങ്ങളിലും യാതൊരു പങ്കാളിത്തവുമില്ലാത്ത ഒരു വിഭാഗം ജീവനക്കാർ ഇരകളാണ്. കരാള ഹസ്തങ്ങളിൽ നിന്നും സ്ഥാപനത്തെ രക്ഷിക്കേണ്ടിയിരിക്കുന്നു. അതിനുള്ള പരിശ്രമങ്ങൾ ഓരോരുത്തരുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതാണ്. കൂടുതൽ ശക്തമായ ഇടപെടലുകൾക്ക് വിരമിക്കൽ ഊർജ്ജം നൽകുന്നതാണ്.

ലോക്ക് ഡൗണിനു ശേഷം സംസ്ഥാന സമ്മേളനം കൂടി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്ത് വിരമിക്കൽ പൂർണ്ണമാക്കാമെന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ കോവിഡ് മഹാമാരി തുടരുന്നതിനാൽ അതിന് സാധ്യമല്ല. ആയതിനാൽ 2021 ആഗസ്റ്റ് 11 ന് ഗൂഗിൾ മീററിലൂടെ സംസ്ഥാന സമ്മേളനം നടത്തുകയാണ്. എല്ലാവരും പങ്കെടുത്ത് സമ്മേളനം വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. എല്ലാ സഹായ സഹകരണങ്ങൾക്കും നന്ദി.

സാലിഹ് .കെ.കെ 

ജനറൽ സെക്രട്ടറി 

KWA എഞ്ചിനീയറിംഗ് സ്റ്റാഫ് അസോസിയേഷൻ

4 comments: