Thursday, November 22, 2018

ജല അതോറിറ്റി സബ് ഡിവിഷൻ ഓഫീസ് സ്ഥാപിക്കുക

വിസ്തൃതി, ജനസാന്ദ്രത, ജോലിഭാരം, വാട്ടർ കണക്ഷനുകളുടെ എണ്ണം എന്നിവ കൊണ്ട് കേരളത്തിലെ ഏറ്റവും വലിയ സെക്ഷൻ ഓഫീസായ ഞാറയ്ക്കൽ ജല അതോറിറ്റി സെക്ഷനെ വിഭജിച്ചു രണ്ടു സെക്ഷനുകളാക്കുകയും വൈപ്പിൻകരയിൽ ജല അതോറിറ്റി സബ് ഡിവിഷൻ ഓഫീസ് സ്ഥാപിക്കുകയും ചെയ്യേണ്ടതാണ്. 6 പഞ്ചായത്ത് പ്രദേശങ്ങളിലും കൊച്ചി കോർപറേഷന്റെ ഒരു ഡിവിഷനിലുമായി 400 കിലോ മീറ്ററുകളോളം ദൈർഘ്യമുള്ള വിതരണ ശൃംഖലയിലൂടെ 39000 ത്തിൽപരം വാട്ടർ കണക്ഷനുകളും പബ്ലിക് ടാപ്പുകളുമാണ് ഈ സെക്ഷന്റെ പരിധിയിലുള്ളത്. ഫോർട്ട് വൈപ്പിൻ, എളംകുന്നപുഴ, ഞാറയ്ക്കൽ, നായരമ്പലം എന്നീ പ്രദേശങ്ങൾക്കായി നിലവിലുള്ള സെക്ഷൻ ഓഫീസും എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ പ്രദേശങ്ങൾക്കായി പുതിയ സെക്ഷൻ ഓഫീസും ആരംഭിക്കാവുന്നതാണ്. എടവനക്കാട് ഉന്നത തല സംഭരണിയ്ക്ക് താഴെ സബ് ഡിവിഷൻ ഓഫീസും ഒരു സെക്ഷൻ ഓഫീസും ആരംഭി ക്കുന്നതിനുള്ള സൗകര്യമൊരുക്കാവുന്നതാണ്. ജിഡ ധനസഹായത്തോടെ വര്ഷങ്ങൾക്കുമുമ്പ് ഈ പ്രദേശത്തു ആരംഭിച്ച പദ്ധതികൾ ഇപ്പോഴും ലക്ഷ്യപ്രാപ്തിയിലെത്താത്തത് അന്വേഷണ വിധേയമാക്കേണ്ടതാണ്. പദ്ധതികളുടെ ഭാഗമായി 172 കിലോ മീറ്ററുകളോളം പുതിയ പൈപ്പ്ലൈനുകൾ പല ഭാഗത്തായി സ്ഥാപിച്ചിട്ടുണ്ടെങ്കിലും മേഖല തിരുച്ചു ശുദ്ധ ജലവിതരണം ചെയ്യാവുന്ന തരത്തിൽ ഉന്നത തല സംഭരണികളോ വിതരണ ശൃംഖലയോ പൂർത്തീകരിച്ചിട്ടില്ല. ഭൂ പ്രകൃതി കൊണ്ട് തെക്കുവടക്കായി കിടക്കുന്നപ്രദേശത്ത് മേഖല തിരിച്ചു തുല്യ വിതരണം ലക്ഷ്യം വെച്ചു കൊണ്ടാണ് പദ്ധതി ആരംഭിച്ചത്. എളംകുന്നപുഴ, ഞാറയ്ക്കൽ, നായരമ്പലം എന്നീ മേഖലകളിലെ ജോലികളാണ് പൂർത്തീകരിക്കേണ്ടത്. കാലതാമസത്തിനുള്ള കാരണങ്ങൾ വിലയിരുത്തി എത്രയുംവേഗം പദ്ധതികൾ പൂർത്തീകരിക്കേണ്ട താണ്. സമയബന്ധിതമായി ജോലികൾ പൂർത്തീകരിക്കുന്നതിനാണ് പെരുമ്പാവൂർ പ്രൊജക്റ്റ് ഡിവിഷന്റെ മേൽനോട്ടത്തിൽ പദ്ധതികളാരംഭിച്ചത്. എന്നാൽ ഇതേ കാലയളവിൽ മെയ്ന്റനൻസ് വിഭാഗത്തിന്റെ മേല്നോട്ടത്തിലാരംഭിച്ച എടവനക്കാട് കുഴുപ്പിള്ളി പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ കഴിഞ്ഞു. എടവനക്കാട് കുഴുപ്പിള്ളി പദ്ധതികളിൽ നിന്നുള്ള വെള്ളം പൂർത്തീകരിക്കപ്പെടാത്ത മേഖലകളിലേക്ക് പ്രയോജനപ്പെടുത്തുന്നതു മൂലം നിലവിൽ മുഴുവൻ പ്രദേശത്തേയും തുല്യവിതരണ ലക്ഷ്യം അവതാളത്തിലായിരിക്കുകയാണ്. . പദ്ധതികളുടെ മേൽനോട്ട ചുമതല ഭൂമിശാസ്ത്രപരമായി ഏറ്റവും അടുത്തുള്ള ഓഫീസിൽ നിക്ഷിപ്‌തമാക്കുക, സെക്ഷൻ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ചു ശാക്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങളിലും എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു .

No comments:

Post a Comment